കണ്ണൂർ: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ജില്ലയിലെ കോട്ടക്കുന്ന് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ അപകട സാധ്യത ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് ദേശീയപാത അഥോറിറ്റി ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു.
ജില്ലാ കളക്ടർ അരുൺ കെ. വിജയൻ അധ്യക്ഷത വഹിച്ചു. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് അഴീക്കോട് മണ്ഡലത്തിലെ വിവിധ പ്രശ്നങ്ങൾ കെ.വി. സുമേഷ് എംഎൽഎയാണ് യോഗത്തിൽ ഉന്നയിച്ചത്. ഇതേത്തുടർന്നാണ് നടപടി. കോട്ടക്കുന്ന് ഭാഗത്തെ അപകടസാധ്യത ഒഴിവാക്കാൻ വയാഡക്ട് സ്പാനുകൾ ദീർഘിപ്പിക്കണമെന്ന് എംഎൽഎ നിർദേശിച്ചു. തലശേരി-മാഹി ബൈപ്പാസിലെ കൊളശേരി ടോൾ ബൂത്ത് അടിയന്തരമായി മാറ്റണമെന്ന് ഷാഫി പറമ്പിൽ എംപി നിർദേശിച്ചു.
കണ്ണൂർ സെൻട്രൽ ജയിലിനടുത്തുള്ള പെട്രോൾ പമ്പിൽ നിന്ന് ഡീസൽ ചോർന്ന് സമീപത്തുള്ള കിണറുകൾ മലിനമാക്കുന്നുവെന്ന് പരാതി ഉയർന്ന സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യത്തെ തുടർന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.
ജലജീവൻ പദ്ധതിയുടെ കാലതാമസം പരിഗണിച്ച് എസ് സി, എസ്ടി കോളനികളിലെ കുടിവെള്ള പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന സജീവ് ജോസഫ് എംഎൽഎയുടെ മുൻ യോഗത്തിലെ നിർദേശത്തിന്മേൽ വിവിധ വകുപ്പുകൾ നടപടി ആരംഭിച്ചു. ആറളം പുനരധിവാസ മേഖലയിലെ എടപ്പുഴ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ 45 ലക്ഷം അനുവദിച്ചതായും അംബേദ്കർ നഗറിൽ പുതിയ വാട്ടർ ടാങ്ക് സ്ഥാപിക്കുമെന്നും ഐടിഡിപി അറിയിച്ചു.
പയ്യാവൂർ, ചെറുപുഴ, ഉദയഗിരി പഞ്ചായത്തുകളിൽ ജലജീവൻ മിഷൻ പ്രവൃത്തികൾ പുരോഗമിക്കുമ്പോൾ, ഭൂപ്രകൃതി കാരണം പദ്ധതി പ്രായോഗികമല്ലാത്ത ലോവർ ചീക്കാട് ഭാഗത്ത് പ്രാദേശിക സ്രോതസ് ഉപയോഗിച്ച് പരിഹാരം കാണാൻ നിർദേശിച്ചു. അയ്യങ്കുന്ന് പഞ്ചായത്തിലെ വിവിധയിടങ്ങളിലെ പദ്ധതികൾക്കായി കിഫ്ബി മുഖേനയുള്ള ഉത്പാദന ഘടകങ്ങൾക്ക് സർക്കാർ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് പ്രവൃത്തികൾ പൂർത്തിയാക്കുമെന്ന് വാട്ടർ അഥോറിറ്റിയും റിപ്പോർട്ട് ചെയ്തു.
നിയോജക മണ്ഡലങ്ങളിൽ ഐസൊലേഷൻ വാർഡുകൾ ഉടൻ സജ്ജമാക്കണമെന്ന സജീവ് ജോസഫ് എംഎൽഎയുടെ നിർദേശത്തിന്മേൽ, സിവിൽ പ്രവൃത്തികൾ പൂർത്തിയായ പഴയങ്ങാടി, ഒടുവള്ളിത്തട്ട് എന്നിവിടങ്ങളിൽ വൈദ്യുതി-ജല കണക്ഷനുകൾ ലഭ്യമാക്കാൻ നടപടി തുടങ്ങിയതായി ഡിഎംഒ അറിയിച്ചു. കണക്ഷനുകൾ ലഭിക്കുന്നതിലെ സാങ്കേതിക തടസങ്ങളാണ് പ്രവർത്തനം തുടങ്ങാൻ വൈകുന്നതെന്നും ഇക്കാര്യം കെഎംഎസ് സിഎല്ലിനെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ചെയ്തു.